ഭാര്യയുടെ പേരില്‍ ഫേസ്ബുക്ക് ചാറ്റ് ചെയ്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മോഷണം; മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മണക്കാട് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ വിഷ്ണുരാജാണ് (25) പിടിയിലായത്. ഫോര്‍ട്ട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐ.ഡി നിര്‍മിച്ച് നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്ത് ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിച്ച് അവിടെ നിന്ന് ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ടില്‍ കൊണ്ടുപോയി മര്‍ദിച്ച് പണവും സ്വര്‍ണവും വാഹനത്തിന്റെ ആര്‍.സി ബുക്കും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിനുശേഷം അടിമലത്തുറ കടപ്പുറത്ത് ഒളിവില്‍ കഴിയവെ ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ എസ്. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും നാലും ആറും പ്രതികളെ ഫോര്‍ട്ട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ചാം പ്രതിയെക്കൂടി പിടികൂടാനുണ്ട്.

ഫോര്‍ട്ട് എസ്.എച്ച്.ഒ ജെ. രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേഷ്, സി.പി.ഒമാരായ ബിനു, പ്രഫല്‍, സാബു, വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News