നൈജറിൽ പട്ടാള അട്ടിമറി,പ്രസിഡന്റ് വീട്ടുതടങ്കലിൽ; ഇനി തങ്ങളുടെ ഭരണമെന്ന് സൈന്യം
ന്യൂഡല്‍ഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചു. സൈനിക നേതൃത്വം ദേശീയ ടിവി മാധ്യമത്തിലൂടെയാണ് ഭരണം പിടിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. രാജ്യത്തെ ഭരണഘടനയും ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സസ്പെന്റ് ചെയ്തതായും സൈനിക നേതൃത്വം അറിയിച്ചു.
കേണൽ മേജർ അമാദു അദ്രമാനാണ് രാജ്യത്തിന്റെ ഭരണം സൈന്യം ഏറ്റെടുത്തതായി വാർത്താ മാധ്യമത്തിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ അതിർത്തികളെല്ലാം അടച്ച സൈനിക ഭരണകൂടം രാജ്യത്ത് ഭരണത്തിലുണ്ടായിരുന്ന പ്രസിഡന്റ് മുഹമ്മദ് ബാസുവിനെ വീട്ടു തടങ്കലിലാക്കി.
അമേരിക്കയും മറ്റു രാജ്യങ്ങളും തടങ്കലിലായ പ്രസിഡന്റ് മുഹമ്മദ് ബാസുവിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മഹമദ് ബാസുവുമായി ഫോണിൽ സംസാരിച്ചെന്നും എല്ലാ പിന്തുണയും നൽകുമെന്നും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
എന്നാൽ സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചവർക്ക് മുഴുവൻ സൈന്യത്തിന്റെയും പിന്തുണയില്ലെന്നാണ് മുഹമ്മദ് ബാസു മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി അറിയിച്ചത്. പക്ഷെ കരസേന തന്നെ ഇത് തള്ളി രംഗത്ത് വന്നിട്ടുണ്ട്. മേഖലയിൽ ഇസ്ലാമിക തീവ്രവാദ ശക്തികൾക്കെതിരെ കടുത്ത നിലപാടെടുത്ത് മുന്നോട്ട് പോവുകയായിരുന്നു മുഹമ്മദ് ബാസു. ഇന്ന് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയ സൈന്യം, വക്താവ് വഴി ഭരണം പിടിച്ചതായി അറിയിക്കുകയായിരുന്നു.