27.8 C
Kottayam
Sunday, May 5, 2024

‘മെട്രോ മിക്കി’യെ ദത്തെടുക്കാന്‍ തയ്യാറായി എട്ടുപേര്‍; മിക്കി തന്റെ വളര്‍ത്തു പൂച്ചയാണെന്ന് വാദിച്ച് ആലുവ സ്വദേശിയും

Must read

കൊച്ചി: കൊച്ചിയിലെ മെട്രോ തൂണുകള്‍ക്കു മുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അഗ്‌നിശമന സേന രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി ‘മെട്രോ മിക്കി’യെ ദത്തെടുക്കാന്‍ തയ്യാറായി എട്ടു പേര്‍ രംഗത്ത്. അതേസമയം, മിക്കി തന്റെ വളര്‍ത്തു പൂച്ചയാണെന്ന അവകാശപ്പെട്ട് ആലുവ സ്വദേശിനിയും രംഗത്തെത്തി. പനമ്പിള്ളി നഗര്‍ പെറ്റ് ഹോസ്പിറ്റലില്‍ മൃഗസ്നേഹികള്‍ക്ക് ഒപ്പം സ്നേഹം അനുഭവിച്ച് കഴിയുകയാണ് മെട്രോ മിക്കി എന്ന് പേരിട്ട പൂച്ചക്കുട്ടി.

പൂച്ചക്കുട്ടിയെ നല്ലപോലെ നോക്കി വളര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കു നടപടിക്രമം പൂര്‍ത്തിയാക്കി പൂച്ചയെ കൈമാറുമെന്ന് എസ്പിസിഎ എറണാകുളം ഭാരവാഹി ടികെ സജീവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദത്തെടുക്കാനായി ആരാധകര്‍ നിരനിരയായി എത്തിയത്. മെട്രോ തൂണില്‍ കയറിയ പൂച്ചയെ രണ്ടുമണിക്കൂറോളം നീണ്ട കഷ്ടപ്പാടിന് ഒടുവിലാണ് താഴെയിറക്കിയത്. വലിയ വാര്‍ത്ത സൃഷ്ടച്ചതോടെ മിക്കി ഇപ്പോള്‍ ഒരു ‘സെലിബ്രിറ്റി പൂച്ചക്കുട്ടി’യായി മാറിയിട്ടുണ്ട്. മിക്കിയെ വളര്‍ത്താനായി കുട്ടികളും അച്ഛനമ്മമാര്‍ മുഖേന രംഗത്തു വന്നിരിക്കുകയാണ്.

അതേസമയം, തന്റെ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ സഹോദരന്‍ കൊണ്ടു പോയി കളഞ്ഞതാണെന്ന വാദവുമായാണ് ആലുവ സ്വദേശിനി എസ്പിസിഎയെ സമീപിച്ചത്. എന്നാല്‍, പൂച്ചക്കുട്ടിയുടെ ഫോട്ടോയോ മറ്റോ എസ്പിസിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും കൈമാറിയിട്ടില്ല. വളര്‍ത്തു പൂച്ചകളെ നഷ്ടപ്പെട്ട മറ്റു ചിലരും മിക്കിയെ ദത്തെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു രംഗത്തു വന്നിട്ടുണ്ട്. എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് ഉചിതരായവരെ ഇന്നു കണ്ടെത്തും. ദത്തെടുക്കുന്നവര്‍ പൂച്ചക്കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് എസ്പിസിഎയ്ക്ക് സത്യവാങ്മൂലം നല്‍കണം. തുടര്‍ന്ന് ഒരു ചടങ്ങില്‍ വച്ചു മിക്കിയെ ഔപചാരികമായി കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week