വര്‍ക്കലയില്‍ വീട് വാടകയ്‌ക്കെടുത്ത് ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം; അമ്മയും മകളും ഉള്‍പ്പെടെ എട്ടംഗ സംഘം പിടിയില്‍
തിരുവനനന്തപുരം: വര്‍ക്കലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന അമ്മയും മകളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം പിടിയില്‍. വര്‍ക്കല കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കോളജ് വിദ്യാര്‍ഥികളടക്കം സ്ഥലത്തെത്തുന്നത് പതിവാണെന്ന പരാതിയുയര്‍ന്നതോടെ പോലീസ് ഇവരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
വര്‍ക്കല സ്വദേശിയായ ബിന്ദുവും, പരവൂര്‍ സ്വദേശി ഗിരീഷും ഉള്‍പ്പെടെ എട്ടുപേരായിരുന്നു ഹോം സ്റ്റേയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നത് ബിന്ദുവാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കാറും, മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.