26.9 C
Kottayam
Sunday, May 5, 2024

സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

Must read

കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന ബാക്കിപത്രമായ പുതുക്കുടി പുഷ്പൻ ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സ തേടി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ ശനിയാഴ്‌ച സന്ധ്യയോടെയാണ്‌ പുഷ്‌പനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സന്ദർശകരുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന്‌ രക്തസമ്മർദം കുറയുകയും അബോധാവസ്ഥയിലാവുകയും ആയിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. അർധരാത്രിയോടെ അപകട നില തരണം ചെയ്‌തു.

തലശേരി സഹകരണ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്‌പന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘം ഞായറാഴ്‌ച രാവിലെ പുഷ്പനെ പരിശോധിച്ചു.

കാർഡിയോളജി വിഭാഗം മേധാവി ഡോ. ജി രാജേഷ്‌, യൂറോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സുബീഷ്‌ പറോൾ എന്നിവരുൾപ്പെട്ട സംഘമാണ്‌ പരിശോധിച്ചത്‌. കോ– ഓപ്പറേറ്റീവ്‌ ആശുപത്രി മെഡിക്കൽ സൂപ്രണ്ട്‌ ഡോ. സി കെ രാജീവ്‌ നമ്പ്യാർ, ഡോ. സുധാകരൻ കോമത്ത്‌ എന്നിവരുമായി ചികിത്സ സംബന്ധിച്ച്‌ ചർച്ച നടത്തി.

സിപിഎം ജില്ലസെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ സന്ദർശിച്ചു. പുഷ്പൻ സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തതായും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പുഷ്പൻ ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് നിരവധി പ്രവർത്തകരും നേതാക്കളും തലശേരിയിലെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week