കൊച്ചി: മീഡിയാ വൺ ചാനലിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി. ചാനൽ വിലക്ക് തുടരും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹർജി തളളിയത്. കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാരിന്‍റേതെന്നുമാണ് ഹർജിക്കാരുടെ വാദം.
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവർ കക്ഷികളായാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവൺ ചാനലിനായി ഹാജരായത്. .