KeralaNews

ഭൂമി കുംഭകോണത്തിന് പിന്നാലെ കത്തോലിക്കാ സഭയില്‍ കുര്‍ബാനപ്പണ കുംഭകോണവും,ഇടപ്പള്ളിപ്പള്ളി വികാരിയെ സംരക്ഷിയ്ക്കാന്‍ നീക്കമെന്ന് കാത്തലിക്ക് ഫോറം

കൊച്ചി:ഭൂമി വിവാദത്തിന് പിന്നാലെ എറണാകുളം അങ്കമാലി അതിരൂപയില്‍ കുര്‍ബാന പണ കുംഭകോണവിവാദവും.പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ഇടപ്പള്ളി പള്ളിയില്‍ വികാരിയുടെയും
അസിസ്റ്റന്റ് വികാരിയുടെയും നേതൃത്വത്തില്‍ 35 ലക്ഷം രൂപയുടെ കുര്‍ബാനപ്പണ കുംഭകോണം നടന്നതായാണ് ഇന്ത്യന്‍ കാത്തലിക് ഫോറം ആരോപിയ്ക്കുന്നത്. വിശ്വാസികള്‍ വിവിധ നിയോഗങ്ങള്‍ക്കായി കുര്‍ബാന ചൊല്ലാന്‍ ഏല്പിക്കുന്ന പണത്തില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്നതായാണ് ആരോപണം.

വിശ്വാസികള്‍ മരിച്ചവര്‍ക്കു മോക്ഷം കിട്ടാനും ജോലി, വിവാഹം, രോഗസൗഖ്യം, കാര്യസാധ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച പണമാണ്. ഒരു വൈദികന് ഒരു കുര്‍ബാനക്ക് ഒരു കുര്‍ബാനപ്പണമേ സ്വീകരിക്കാവൂ എന്നാണ് നിയമം. മിച്ചം വരുന്ന കുര്‍ബാന നിയോഗവും പണവും സ്വീകരിച്ച് മറ്റു വൈദികരേയോ കുര്‍ബാന നിയോഗം ഇല്ലാത്ത രൂപതകളെയോ ഏല്‍പ്പിക്കണം. ഇങ്ങനെ കുര്‍ബാന ചൊല്ലിക്കേണ്ട പണമാണ് ഇടപ്പള്ളി പള്ളി കുംഭകോണം നടത്തിയിരിക്കുന്നത്. ഒരു കുര്‍ബാനക്ക് 100 രൂപ വച്ച് കണക്കു കൂട്ടിയാല്‍ 35,000 കുര്‍ബാനയുടെ പണമാണ് ഇങ്ങനെ ഇടപ്പള്ളി പള്ളിവികാരിയുടെ നേതൃത്വത്തില്‍ വകമാറ്റിയത്.കുര്‍ബാനപ്പണം കൈകാര്യം ചെയ്യുന്നതില്‍ കാണിക്കുന്ന അഴിമതി അതീവ ഗൗരവമുള്ള കുറ്റമായാണ് കത്തോലിക്കാ സഭ കാണുന്നത്. ഈ അഴിമതിയുടെ പേരില്‍ കൊച്ചച്ചനെ മാത്രം സസ്പെന്‍ഡ് ചെയ്ത് വികാരിയച്ചനെ രക്ഷിക്കാനുള്ള നടപടികളാണ് എറണാകുളം രൂപത സ്വീകരിച്ചിരിക്കുന്നത്. കുര്‍ബാനപ്പണം അനധികൃതമായി വകമാറ്റാനുള്ള മുഴുവന്‍ ചെക്കുകളിലും ഒപ്പിട്ടിരിക്കുന്നത് വികാരി ആണ്.

ഭൂമിവിവാദത്തിന്റെ സമയത്ത് ഈ വൈദികന്‍ കര്‍ശന വിമത നിലപാട് സ്വീകരിച്ചതിനാല്‍ ഇദ്ദേഹത്തെ രക്ഷിക്കണം എന്നാണ് അന്ന് ‘സുതാര്യത’ എന്ന മുദ്രാവാക്യം മുഴക്കിയ വിമത വൈദികരുടെ ഇപ്പോഴത്തെ നിലപാട്. പണം ലഭിച്ചു എന്ന് ഉറപ്പ് വരുത്താതെ കര്‍ദിനാള്‍ ആലഞ്ചേരി പ്രമാണങ്ങളില്‍ ഒപ്പിട്ടു എന്ന വിമത വിഭാഗത്തിന്റെ ആരോപണത്തിലാണ് ഭൂമിവിവാദം തുടങ്ങുന്നത്. എന്നാല്‍ 35 ലക്ഷം രൂപയുടെ കുര്‍ബാനപ്പണം കൈമാറ്റം ചെയ്യാന്‍ ചെക്കുകളില്‍ ഒപ്പിട്ട വികാരിയെ സംരക്ഷിക്കണം എന്നാണ് ഇപ്പോള്‍ വിമതവിഭാഗം വാദിക്കുന്നത്. ഇത് വിശ്വാസികളുടെ ഇടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ കുര്‍ബാനപ്പണ കുഭകോണം നടക്കുന്നതെന്നും ഇന്ത്യന്‍ കാത്തലിക്‌ഫോറം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button