തൃഷയ്‌ക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി മന്‍സൂര്‍ അലിഖാന്‍
ചെന്നൈ:വിജയ്‌യെ (Vijay) നായകനാക്കി ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്ത ‘ലിയോ’ (Leo)എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്‌ക്കെതിരെ (Trisha) മന്‍സൂര്‍ അലി ഖാന്‍ (Mansoor Ali Khan)നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു മൻസൂർ അലിഖാന്റെ വിവാദമായ പ്രസ്താവന. മൻസൂർ അലിഖാനെതിരെ തൃഷയും രംഗത്തെത്തിയിരുന്നു. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നായിരുന്നു തൃഷയുടെ പ്രതികരണം. എന്നാൽ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അലിഖാന്റെ വാദം. ഒരിക്കലും മാപ്പുപറയില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ കേസെടുത്തതോടെ പിന്നീട് ഖേദപ്രകടനത്തിന് തയ്യാറായി. ഇതോടെ തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നുമാണെന്ന് തൃഷ പ്രതികരിച്ചു.
എന്നാല്‍ തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറയുകയാണ് മന്‍സൂര്‍ അലി ഖാന്‍ . മാനനഷ്ടക്കേസ് നല്‍കാനായി തന്റെ അഭിഭാഷകന്‍ രേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞെന്നാണ് അലിഖാന്‍ പറയുന്നത്. മാപ്പ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു വലിയ തമാശയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. സംഭവം ഒത്തുതീര്‍ന്നതിന് പിന്നാലെയാണ് നടന്റെ പുതിയ നീക്കം. മാനനഷ്ടക്കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അത് റദ്ദാക്കിയിരുന്നു.
മൻസൂർ അലി ഖാന്റെ വിവാദ പ്രസ്താവന ഇപ്രകാരമായിരുന്നു: ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’. മൻസൂറിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് തൃഷയും എത്തി.
തൃഷയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ എന്നാണ് തൃഷ പറഞ്ഞത്.
ആക്ഷൻ രംഗങ്ങളിലെ നടൻ അർജുന്റെ കഴിവിനെക്കുറിച്ച് പുകഴ്ത്തി പറഞ്ഞ മൻസൂർ അലി ഖാൻ നടി മഡോണയെ കുറിച്ച് പറഞ്ഞ വാക്കുകളിൽ സ്ത്രീവിരുദ്ധത ഉണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ‘ആക്ഷൻ കിങ് അർജുനോടൊപ്പം ഫൈറ്റ് സീൻ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് കിട്ടിയില്ല. അങ്ങനെയുള്ള സീനുകൾ ലിയോയിൽ ഇല്ല. കുറേ സിനിമകൾ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിനൊപ്പം ആക്ഷൻ ചെയ്താൽ എട്ടു പത്ത് ദിവസം പിന്നെ ശരീരം വേദനയായിരിക്കും. പിന്നെ തൃഷാ മേഡത്തിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചില്ല. ലോകേഷ് കനകരാജ് പടം ആയതുകൊണ്ട് മുഴുവൻ അടിയും പിടിയും ഒക്കെയാണ്. തൃഷയെ ഫ്ലൈറ്റിൽ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരിച്ച് കൊണ്ട് പോയി. അതും കിട്ടിയില്ല. പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. സെറ്റിലേക്ക് മഡോണ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് പെങ്ങൾ കഥാപാത്രം ആയിരുന്നു’- മൻസൂർ അലി പറഞ്ഞു. മൻസൂർ അലി സംസാരിക്കുമ്പോൾ മുഖഭാവത്തിൽ വ്യത്യാസം വരുന്ന മഡോണയെ വീഡിയോയിൽ കാണാം.