26 C
Kottayam
Thursday, May 16, 2024

മനോരമയുടേത് വ്യാജവാർത്ത,ഐടി ടീം നിയമനത്തിൽ എം ശിവശങ്കർ ഇടപെട്ടില്ലെന്ന് ഹൈക്കോടതി

Must read

കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഇടപെടൽ നിഷേധിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥരെ അഭിമുഖത്തിന് വിളിച്ചത് ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെയാണെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. എൻഐസിയെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലന്നും എൻഐസി കഴിവില്ലാത്തവരാണെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.

ഹൈക്കോടതിയിലെ കമ്പ്യൂട്ടര്‍ വൽക്കരണം വേഗത്തിലാക്കുന്നതിനുള്ള ഉന്നത ഐ ടി ടീമിനെ ശിവശങ്കർ ഇടപെട്ട് നിയമിച്ചെന്നായിരുന്നു മനോരമയിൽ വാർത്ത വന്നത്.എന്നാൽ ഈ ആരോപണങ്ങൾ തള്ളുകയാണ് ഹൈക്കോടതി വാർത്തക്കുറിപ്പിൽ. കമ്പ്യൂട്ടര്‍ വൽക്കരണം വേഗത്തിലാക്കാൻ ചീഫ് ജസ്റ്റിസിന്‍റെ മേൽനോട്ടത്തിലുള്ള സമിതിയാണ് 2018 ഫെബ്രുവരി 22 ന് ചേർന്ന് യോഗത്തിൽ തീരുമാനമെടുത്ത്. സാങ്കേതിക വിദ്യ മാറുന്ന സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാ‍ർ മതിയെന്നായിരുന്നു യോഗ തീരുമാനം.

ഉപസമതിയുടെ ആവശ്യപ്രകാരം ഇന്‍റർവ്യൂ ബോർഡിലേക്കുള്ള വിദഗ്ധരുടെ പാനൽ തയ്യാറാക്കി നൽകിയത് ഐടി സെക്രട്ടറിയായിരുന്നു. 7 പേർ ഉൾപ്പെടുന്ന ഈ പാനലിൽ നിന്നാണ് രണ്ടുപേരെ ഇന്‍റർവ്യൂ ബോർഡിൽ സമിതി തെരഞ്ഞെടുത്തത്. പിന്നീടുള്ള നടപടികളും ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തിയതും ചീഫ് ജസ്റ്റിസിന്‍റെ അറിവോടെയാണ്. അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നാഷണൽ ഇൻഫെർമാറ്റിക് സെന്‍ററുമായി ചേർന്ന് തന്നെ കമ്പ്യൂട്ടര്‍ വൽക്കരണം വേഗത്തിൽ തുടരും. എൻഐസിയെ മാറ്റി നിർത്താൻ തീരുമാനിച്ചിട്ടില്ല. എൻഐസി കഴിവുകെട്ടവരാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. കമ്പ്യൂട്ടറൈസേഷന്‍ കമ്മിറ്റിയുടെ ചെയർമാനായ ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് തയാറാക്കിയ വസ്തുതാവിവര റിപ്പോ‍ർട്ടിൽ എൻഐസിയ്ക്ക് യോഗ്യതയില്ലെന്ന് സർക്കാർ അറിയിച്ചതായും വ്യക്തമാക്കിയിരുന്നു. ഈ ഭാഗവും ഹൈക്കോടതി നിഷേധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week