EntertainmentKeralaNews

‘എന്തായിരുന്നു ആ കഥ, എന്നെങ്കിലും കാണുമ്പോള്‍ ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല’; ഇന്നസെന്റിന്റെ ഓർമ്മകളിൽ മഞ്ജു വാര്യർ

കൊച്ചി:അന്തരിച്ച ചലച്ചിത്രതാരം ഇന്നസെന്‍റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. എവിടെയാണെങ്കിലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ‘ചിരിപ്പക്ഷിയാണ്’ ഇന്നസെന്റ് എന്നാണ് മഞ്ജു പറഞ്ഞത്. ജീവിതം സങ്കീർണ്ണമാണെന്ന് ഓർമ്മിപ്പിക്കുകയും ആ സങ്കീർണ്ണതകളെ ഇല്ലാതാക്കാനുള്ള വഴികൾ പറഞ്ഞുതരികയും ചെയ്തിട്ടുണ്ട്. അവസാന കണ്ടുമുട്ടലിൽ പറയാൻ തുടങ്ങിയ കഥ ഇനിയും പറഞ്ഞിട്ടില്ലെന്നും ഇന്നസെന്റ് പറയാൻ ബാക്കി വെച്ച കഥ എന്തായിരിക്കുമെന്നും ചോദിച്ചാണ് മഞ്ജുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്‍. മണിക്കൂറുകള്‍ നീളും വര്‍ത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തി. ചില നേരങ്ങളില്‍ ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്‌നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു.

ഒടുവില്‍, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോണ്‍ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോള്‍പ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പക്ഷേ ഓര്‍മ്മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന്‍ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന്‍ അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker