മണർകാട് യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം. മണ്ണക്കാട് മാലം ജംഗ്ഷനിലാണ് സംഘർഷം ഉണ്ടായത്.സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം.
എന്നാൽ സി പി എം പ്രവർത്തകർ ഇത് നിഷേധിച്ചു. സിപിഎം പാർട്ടി ഓഫീസിൻ്റെ മുന്നിലായിരുന്നു സംഘർഷമുണ്ടായത്. സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരസ്പരം വീടുകൾ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായി പറയുന്നത്.
സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ,വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും പ്രവർത്തകരുമുണ്ട്. കൂടാതെ സിപിഎം പ്രവർത്തകരമുണ്ട്. ഇവരെ പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവി കാർത്തികിൻ്റെ നേതൃത്വത്തിൽ ശ്രമം നടന്നുവരികയാണ്. ഇവിടേക്ക് കൂടുതൽ പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുന്നത് പൊലീസിന് വെല്ലുവിളിയാവുകയാണ്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ സിപിഎം പ്രവർത്തകർ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ പറഞ്ഞു.
സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. രണ്ടു വശത്തായി ആളുകൾ വന്ന് നിറയുന്നത് പ്രദേശത്ത് സംഘർഷം തുടരാൻ കാരണമായി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. കേന്ദ്ര സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളോടും പിരിഞ്ഞുപോവാൻ പൊലീസ് പറയുന്നുണ്ടെങ്കിലും ആളുകൾ തടിച്ചുകൂടുന്നത് വെല്ലുവിളിയാവുകയാണ്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.