മമ്മൂട്ടിയുടെയും ദുൽഖറിൻ്റെയും ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ചെന്നൈ: ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടില്‍ നടന്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുക്കാനുള്ള തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് തിരിച്ചുപിടിക്കാനായിരുന്നു ഉത്തരവ്. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും പേരില്‍ ചെങ്കല്‍പ്പെട്ടിലെ കറുപ്പഴിപ്പള്ളത്തുള്ള 40 ഏക്കര്‍ സ്ഥലമാണ് കേസില്‍പ്പെട്ടത്.
മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും പേരിലുള്ള 40 ഏക്കര്‍ സ്ഥലം
വര്‍ഷങ്ങള്‍ നീണ്ടുനിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയന്‍ ഉത്തരവിട്ടത്. കേസ് ചൊവ്വാഴ്ച വാദം കേട്ടപ്പോള്‍ ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ശരിവെച്ചുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
സ്വകാര്യസ്ഥലമാണ് മമ്മൂട്ടിയും ദുല്‍ഖറും വാങ്ങിയതെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. വാദം ഏറെ സമയം നീണ്ടുനിന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കി ഉത്തരവിട്ടത്. അതേസമയം, മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശദീകരണം കേട്ട് കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.
മമ്മൂട്ടി സ്ഥലം വാങ്ങിയത് 1997ല്‍
ഈ വര്‍ഷം മാര്‍ച്ചിലാണ് മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാന്‍ സിഎല്‍എ ഉത്തരവിടുന്നത്. തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിര്‍ത്തണമെന്നും പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെയും താരകുടുംബ ജോയിന്റ് റിട്ട് ഫയല്‍ ചെയ്തത്.
1997ലാണ് കപാലി പിള്ള എന്നയാളില്‍ നിന്നു മമ്മൂട്ടിയും കുടുംബവും 40 ഏക്കര്‍ ഭൂമി വാങ്ങുന്നത്. 1929ല്‍ 247 ഏക്കര്‍ കൃഷിഭൂമിയുടെ ഭാഗമായിരുന്നു ഈ സ്ഥലം. എന്നാല്‍, പിന്നീട് കപാലി പിള്ളയുടെ മക്കള്‍ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎല്‍എയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ല്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാല്‍, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 2020 മേയ് മാസത്തില്‍ സിഎല്‍എ നീക്കം തുടങ്ങിയതോടെയാണു മമ്മൂട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റില്‍ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയിരുന്നു.