സമ്പന്ന യുവതിയെ പ്രണയിച്ചു; പാലക്കാട് പതിനെട്ടുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു

പാലക്കാട്: പാലക്കാട് പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനെട്ടുകാരന് ക്രൂരമര്‍ദ്ദനം. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ അഫ്സലിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു അഫ്സലിനെ ആക്രമിച്ചതെന്ന് കുടുംബം പരാതിപ്പെട്ടു.

അഫ്സലിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ മാസം 15 നായിരുന്നു സംഭവം. മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് അഫ്സലിനെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ട് പോയി. അട്ടപ്പാടി വരെ ക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പുകട്ട കൊണ്ടുള്ള ആക്രമണത്തില്‍ അഫ്സലിന് നെഞ്ചിലും മുഖത്തും കാലിലും സാരമായി പരിക്കേറ്റു.

ബോധം നഷ്ടമായതോടെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശാരീരിക സ്ഥിതി ഗുരുതരമായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.അഫ്സലിനെ തട്ടിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈല്‍ ഫോണില്‍ എടുത്തിരുന്നു. ഇത് പൊലീസിന് നല്‍കിയ പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് അഫ്സലിന്റെ കുടുംബം ആരോപിച്ചു. ഇതുവരെ പോലീസ് മൊഴിയെടുത്തിട്ടില്ല. പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ആക്രമണം നടത്തിയവരുടെ ബന്ധുക്കള്‍ വധഭീഷണി മുഴക്കിയതായും അവര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അഫ്സല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News