കൊച്ചി: തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന് മമ്മൂട്ടി. പക്ഷേ മത്സര രംഗത്തേക്ക് ഇല്ലെന്നും ആരും തന്നോട് ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രീസ്റ്റിന്റെ റിലീസ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
തന്റെ രാഷ്ട്രീയ നിലപാട് നടന് മമ്മൂട്ടി തുറന്നു പറയുകയായിരുന്നു. കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയും മഞ്ജു വാര്യരും മുഖ്യവേഷത്തിലെത്തുന്ന പ്രീസ്റ്റ് വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ഒന്നര വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് ഹൊറര്‍ ത്രില്ലറാണ്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് മൂലം ഷൂട്ടിങ് നീണ്ടു. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്.
ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.