കൊച്ചി: ദക്ഷിണ കൊറിയയില്‍ കൃഷി ചെയ്യാന്‍ അവസരം തേടി മലയാളികളുടെ തള്ളിക്കയറ്റം. സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന 100 ഒഴിവുകളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പിനായി 2 ദിവസത്തിനിടെ അപേക്ഷിച്ചത് അയ്യായിരത്തോളം പേര്‍.
തിരക്കുമൂലം ഒഡെപെക് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍ പുതിയ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു. ദക്ഷിണ കൊറിയയില്‍ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്.
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നുമുള്ള വിവരം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒഡെപെക്കിലെ ഫോണുകള്‍ക്കും വിശ്രമമുണ്ടായില്ല.
കൊറിയയിലെ ജീവിത സാഹചര്യം, കൃഷിരീതി, ജീവിതച്ചെലവ്, സംസ്‌കാരം തുടങ്ങിയവയെല്ലാം സംബന്ധിച്ച് അപേക്ഷകരെ ബോധവല്‍ക്കരിക്കാന്‍ നാളെ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം ടൗണ്‍ഹാളിലും സെമിനാര്‍ നടത്തും.