കോര്‍പ്പറേഷന്‍ നികുതി തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ് കേസിലെ പ്രധാനപ്രതി അറസ്റ്റില്‍. നേമം സോണ്‍ മുന്‍ സൂപ്രണ്ട് എസ്. ശാന്തിയാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നതോടെ ശാന്തിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.

തുടര്‍ന്ന് ശാന്തി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാന്തിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്.

പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തി.

ഇതേതുടര്‍ന്ന് ശാന്തി ഉള്‍പ്പടെ ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് നികുതി തട്ടിപ്പ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News