25.8 C
Kottayam
Saturday, May 11, 2024

സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ റിമാന്‍ഡ് ചെയ്തു

Must read

തിരുവനന്തപുരം : സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

സദാചാര ഗുണ്ടായിസം നടത്തി എന്ന് ആരോപിച്ചു നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് സെക്രട്ടറിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിന് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണനോടൊപ്പം അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവര്‍ കൂടി കേസില്‍ പ്രതികളാണ്. ഐപിസി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്.അന്വേഷണ വിധേയമായി രാധാകൃഷ്ണനെ കേരള കൗമുദി പ്രത്രത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പത്രത്തിലെ പ്രൂഫ് റീഡറാണ് രാധാകൃഷ്ണന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week