24.9 C
Kottayam
Wednesday, May 15, 2024

ഉത്തരക്കടലാസ് കൈമാറ്റ വിവാദത്തില്‍ കുറ്റസമ്മതം നടത്തി എം.ജി വൈസ് ചാന്‍സലര്‍

Must read

കോട്ടയം: സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍ പ്രഗാഷിന് എംകോം ഉത്തരക്കടലാസുകള്‍ രഹസ്യ നമ്പര്‍ ഉള്‍പ്പെടെ കൈമാറിയ സംഭവത്തില്‍ എം.ജി സര്‍വ്വകലാശാല വി.സി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നും, വീഴ്ച ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയുമാണ് കത്ത് നല്‍കിയത്. എംകോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍ പ്രഗാഷിന് നല്‍കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ച നടപടി വിവാദമായിരുന്നു. പ്രഗാഷ് നല്‍കിയ അപേക്ഷ പരിഗണിച്ച് ഉത്തര കലാസുകള്‍ രജിസ്റ്റര്‍ നമ്പരും രഹസ്യ നമ്പരും ഉള്‍പ്പെടെ രേഖപ്പെടുത്തി കൈമാറാനായിരുന്നു വിസിയുടെ വിചിത്രമായ നിര്‍ദേശം.

54 ഉത്തരക്കടലാസുകളാണ് ഇത്തരത്തില്‍ സിന്‍ഡിക്കേറ്റ് അംഗം കൈക്കലാക്കിയത്. അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് ഉണ്ടായ ഗുരുതര വീഴ്ച മറച്ചാണ് വി.സി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നാണ് സിന്‍ഡിക്കേറ്റംഗം പ്രഗാഷ് മറുപടി നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കുന്നു. സമാന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന കുറ്റസമ്മതവും കത്തിലുണ്ട്. ബി.ടെക് കോഴ്സിലെ മാര്‍ക്ക് ദാനം വിവാദമായതിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ച് എം.ജി സര്‍വ്വകലാശാല തടിയൂരിയിരുന്നു. ഇതിനിടെയാണ് പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന ആരോപണത്തില്‍ വി.സി കുറ്റസമ്മതം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week