KeralaNews

കൊച്ചിയില്‍ അത്യപൂർവമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു; രോ​ഗലക്ഷണങ്ങളും പകർച്ചാരീതിയും

കൊച്ചി: അത്യപൂർവമായ ലൈം രോഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.

പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽനിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് ഉറപ്പിച്ചത്.

ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും ഡിസംബർ 26-ന് ആശുപത്രി വിടുകയും ചെയ്തു. ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചു.

ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് ചില പ്രാണികൾ വഴി പകരുന്നു. ജില്ലയിൽ ആദ്യമായാണിത് സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി. നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ളിൻ ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർഗത്തിലൂടെ രോഗം ഭേദമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേകതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. ചെള്ളുകടിച്ച പാട്, ചർമത്തിൽ ചൊറിച്ചിലും തടിപ്പും തുടങ്ങിയവ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷേ പലരും ഈ ലക്ഷണങ്ങൾ അത്ര കാര്യമാക്കാറില്ലാത്തതിനാൽ രോ​ഗസ്ഥിരീകരണം വൈകും. പലരിലും പല ലക്ഷണങ്ങളും പ്രകടമാകാം. ഓരോ ഘട്ടങ്ങൾക്കനുസരിച്ച് ലൈം ഡിസീസിന്റെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

ചെള്ളുകടിച്ച് മൂന്നുമുതൽ മുപ്പതുദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചർമത്തിലെ ചൊറിച്ചിലിനും പാടിനുമൊപ്പം പനി, തലവേദന, അമിതക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം.

ചികിത്സിച്ചില്ലെങ്കിൽ ലൈം ഡിസീസ് വഷളാകാനും സാധ്യതയുണ്ട്. മൂന്നുമുതൽ പത്താഴ്ച്ചകളോളം രോ​ഗലക്ഷണങ്ങൾ കാണപ്പെടാം. രണ്ടാമത്തെ ഘട്ടം അൽപം ​ഗൗരവമാർന്നതുമാണ്. ശരീരത്തിന്റെ പലഭാ​ഗങ്ങളിലും കാണപ്പെടുന്ന പാടുകൾ, കഴുത്തുവേ​ദന, മുഖത്തെ പേശികൾക്ക് ബലക്ഷയം, ശരീരത്തിനു പുറകിൽ നിന്നാരംഭിച്ച് അരക്കെട്ടിലേക്കും കാലുകളിലേക്കും പടരുന്ന വേദന, കൈകളിലും കാൽപാദങ്ങളിലുമുള്ള വേ​ദനയും തരിപ്പും, കണ്ണിലും കൺപോളയിലും വേദനയോടെയുള്ള തടിപ്പ്, കാഴ്ച്ചക്കുറവ് തുടങ്ങിയവ ഈ ഘട്ടത്തിൽ പ്രകടമാകാം.

മൂന്നാംഘട്ടത്തിൽ മുകളിൽപ്പറഞ്ഞ ലക്ഷണങ്ങൾക്കൊപ്പം ആർത്രൈറ്റിസ് അനുഭവപ്പെടാം. കാലങ്ങളോളം നീണ്ടുനിൽക്കുന്ന വേദനയും വീക്കവുമുണ്ടാകാം. ചെള്ളുകടിയേറ്റ് രണ്ടുമുതൽ പന്ത്രണ്ടുമാസത്തിനുശേഷമാണ് മൂന്നാംഘട്ടത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. ​കൈകളിലെയും കാൽപാദങ്ങളിലെയും ചർമത്തിന്റെ നിറംമാറുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയും ഈ ഘട്ടത്തിലുണ്ടാകാം. മാസങ്ങളും വർഷങ്ങളും ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം.

ലൈം ഡിസീസ് ബാധിച്ച പലർക്കും ചെള്ളുകടിയേറ്റ് തിരിച്ചറിയാൻ വൈകുന്നതാണ് സ്ഥിതി വഷളാക്കുന്നത്. രക്തപരിശോധനയ്ക്കൊടുവിലാണ് രോ​ഗസ്ഥിരീകരണം നടത്തുന്നത്. രോ​ഗത്തിന്റെ ഘട്ടം ഏതാണെന്നതിന് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ആന്റിബയോട്ടിക് ഉപയോ​ഗിച്ചുള്ള ചികിത്സാരീതിയാണ് പൊതുവെ നൽകാറുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker