KeralaNews

മലബാറിന് യൂസഫലിയുടെ ഓണ സമ്മാനം! കോഴിക്കോട് ലുലുമാൾ തുറന്നു

കോഴിക്കോട്: മലബാറിലെ ഷോപ്പിങ്ങിന്റെ പുതുരീതികൾക്ക് തുടക്കം കുറിക്കാൻ ലുലുമാൾ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ ഭാഗമായി. പൊതുജനങ്ങൾക്കായി തിങ്കളാഴ്ച തുറക്കും. മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയത്.

മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ ഒരുക്കിയത്. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഷോപ്പിങ്ങിനായി മാള്‍ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയായിരിക്കും മുഖ്യ ആകർഷണം. ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും സജ്ജമാണ്. മുന്‍നിര ബ്രാന്‍ഡഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ മുതല്‍ മലബാറിലെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പഴം, പച്ചക്കറി, പാല്‍ എന്നിവയും ലഭ്യമാകും. 

പലവ്യഞ്ജനങ്ങള്‍, മത്സ്യം, ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് – ബേക്കറി വിഭവങ്ങളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 'ഫണ്‍ടൂറ' വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ് സോണാണ്. 500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങി പതിനാറിലേറെ ബ്രാന്‍ഡുകളുടെ വിഭവങ്ങൾ ലഭ്യമാകും. 1800 വാഹനങ്ങള്‍ സുഗമമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

മലബാറിന്റെ വാണിജ്യവികസന മുന്നേറ്റത്തിന് എം.എ യൂസഫലി നൽകുന്ന പിന്തുണയുടെ നേർസാക്ഷ്യമാണ് പുതിയ മാൾ എന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പടെ നഗരത്തിലെ പന്ത്രണ്ട് റോഡുകൾക്ക് സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി കൂട്ടിചേർത്തു.

കോഴിക്കോ‌ടിന്റെ വികസനപ്രവർത്തിന് കരുത്തേകുന്ന എം.എ യൂസഫലിയുടെ പ്രൊജക്ടുകൾക്ക് സർക്കാർ എല്ലാപിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 800 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് കോഴിക്കോട് യാഥാർത്ഥ്യമായിരിക്കുന്നത്. രണ്ടായിരം പേർക്കാണ് പുതിയ തൊഴിലവസരം ലഭിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker