KeralaNews

കുറഞ്ഞ ചെലവിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ

കൊച്ചി: കോവിഡിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെൻസർ കുറഞ്ഞ ചെലവിൽ ഒരുക്കിയിരിക്കുകയാണ് കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. മൂന്നാം വർഷ ഇലേക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികളായ പി ഗീതേഷും റോൺ സ്റ്റീവും ചേർന്ന് നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം മന്ത്രി വി.എസ് സുനിൽകുമാറിന് കൈമാറി. ഇത് കളക്ടറേറ്റില്‍ സ്ഥാപിച്ചു.

കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. ഇൻഫ്രാ റെഡ് സെന്‍സറുകൾ ഉപയോഗിച്ച് ഓഫീസുകൾക്കകത്തും വീടിനകത്തും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസ്പെൻസർ നിർമ്മിച്ചിരിക്കുന്നത്. ഡിസ്പെൻസർ പൊതുജനങ്ങൾക്ക് 500 രൂപയ്ക്ക് ലഭ്യമാക്കാൻ സാധിക്കും. 750 മില്ലി ലിറ്റർ സംഭരണ ശേഷിയുള്ള ഡിസ്‌പെന്‍സർ 652 തവണ ഉപയോഗിക്കാം. ബാറ്ററി ഉപയോഗിച്ചും, വൈദ്യുതി ഉപയോഗിച്ചും ഡിസ്‌പെന്‍സർ പ്രവർത്തിപ്പിക്കാനാകും. 1.5 വോൾട്ടിൻ്റെ നാല് ഡബിൽ എ ബാറ്ററി ഉപയോഗിച്ച് പതിനായിരം തവണ ഡിസ്പെൻസർ പ്രവർത്തിപ്പിക്കാൻ സാധിക്കും.

ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രൊഫ. നൈബിൻ ജോർജ് കോളരിക്കലാണ് ഡിസ്‌പെന്‍സറിന്റെ നിര്‍മാണത്തിന് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയത്. കോളേജ് നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം മാനേജർ പ്രൊഫ. ദീപു കുര്യൻ്റെ നേതൃത്വത്തിൽ ജില്ലയിലെ പത്ത് ഓഫീസുകൾക്ക് സൗജന്യമായി ഓട്ടോമാറ്റിക് സാനിറ്റെസർ ഡിസ്പെൻസർ നൽകും. ജില്ലാ കളക്ടർ എസ്. സുഹാസ് , മാനേജർ റവ. ഫാദർ ഡെന്നി മാത്യു ചെരിങ്ങാട്ട് , അസിസ്റ്റൻ്റ് മാനേജർ റവ.ഫാദർ ജോസഫ് രാജൻ കീഴവന, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവരും സന്നിഹിതരായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker