ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 194 മരണം,രോഗികളെ കിടത്താന്‍ പോലും ഇടമില്ലാതെ നാലു സംസ്ഥാനങ്ങള്‍,രാജ്യത്ത് കാര്യങ്ങള്‍ പിടിവിടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പോസിറ്റീവ് കേസുകളില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 194 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 1,58,333 ആയി. 24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേര്‍ രോഗമുക്തി നേടി.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോഴും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരളം, ജാര്‍ഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുകയാണ്.
തമിഴ്നാട്ടില്‍ 817 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 18,545 ആയി. മരണം 133 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 376 പുതിയ കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 15205ഉം മരണം 938ഉം ആയി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 792 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് രാജ്ഭവനിലെ ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. രാജസ്ഥാനില്‍ 280 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ കൊവിഡ് രോഗബാധ രൂക്ഷമായ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുന്നു. ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലും മതിയായ കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും പെരുവഴിയില്‍ കിടക്കേണ്ട ഗതികേടിലാണ് രോഗികള്‍. അടിയന്തര ചികിത്സ നിഷേധിക്കപ്പെട്ടതോടെ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണവും ദിനംപ്രതി കുതിയ്ക്കുകയാണ്.
ഡല്‍ഹിയിലെ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്കൊപ്പം എത്തിയവരാണ് ഈ ആശങ്ക പങ്കിടുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി 176 ആശുപത്രികളുളള ദില്ലിയില്‍ 39, 455 കിടക്കകളും ഏതാണ്ട് നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രികളും 80 ശതമാനം നിറഞ്ഞ് കഴിഞ്ഞു.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 3203 ആശുപത്രികളും, അഞ്ഞൂറോളം കൊവിഡ് കെയര്‍ സെന്ററുകളുമുള്ള മഹാരാഷ്ട്രയിലും സമാന സാഹചര്യമാണ്. 2,31,739 കിടക്കകള്‍ സജ്ജമെന്ന അവകാശവാദം നിലനില്‍ക്കുമ്പോഴാണ് രോഗികള്‍ക്ക് പെരുവഴിയില്‍ കിടക്കേണ്ട ഗതികേട് ഉണ്ടാകുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 2439 ആശുപത്രികളുള്ള ചെന്നൈയില്‍ ആശുപത്രികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് സജ്ജമാക്കിയ താല്‍ക്കാലിക കേന്ദ്രത്തിലും രോഗികള്‍ക്ക് ദുരിതത്തിലാണ്.
ഗുജറാത്ത് അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട മൂന്ന് പേരാണ് അടുത്തിടെ മരിച്ചത്. ചെന്നൈയില്‍ ഒരാളും മഹാരാഷ്ട്രയില്‍ എട്ട് പേരും ചികിത്സ കിട്ടാതെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.