KeralaNews

മോന്‍സനും സ്വപ്നയുമായി ബെഹ്‌റയ്ക്ക് ബന്ധം, പോലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോഷൂട്ട്; അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജന്‍സ്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്ക് വഴിവിട്ട ബന്ധമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബെഹ്‌റയ്ക്ക് ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശം.

പോലീസ് മേധാവിയായിരിക്കെ ബെഹ്റ വഴിവിട്ട ഇടപാടുകള്‍ നടത്തുകയും തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോ ഷൂട്ട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തെളിവുകള്‍ കേന്ദ്ര ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഐടി ഫെലോ അരുണിനെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തിരുന്നു. അരുണിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് പോലീസ് ആസ്ഥാനത്ത് വെച്ച് ബെഹ്‌റ ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരിന്നു. സംഭവത്തില്‍ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഫയലിലുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്നും ചാനല്‍ അഭിമുഖത്തില്‍ ബെഹ് റ വ്യക്തമാക്കി. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പൊലീസ് ബീറ്റ് ബോക്സ് വച്ചതിനെ കുറിച്ചും ഐ.ജി ലക്ഷ്മണക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ കുറിച്ചും പ്രതികരിക്കാന്‍ മുന്‍ ഡി.ജി.പി തയാറായില്ല.

കൊച്ചി മെട്രോ റെയില്‍ എം.ഡിയായ ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചിരുന്നു. മോന്‍സന്റെ അറസ്റ്റിന് ശേഷം ബെഹ്റ ഓഫിസില്‍ വന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്. മോന്‍സണ്‍ വിവാദത്തില്‍ ആദ്യം മുതല്‍ പ്രതിക്കൂട്ടിലായിരുന്നു ബെഹ്‌റ. ലോക്നാഥ് ബെഹ്റക്ക് മോന്‍സണ്‍ മാവുങ്കലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു.

മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡി.ജി.പി ബെഹ്‌റ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. മോന്‍സന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനും സുരക്ഷയൊരുക്കാന്‍ ഡി.ജി.പിയായിരിക്കെ 2019ല്‍ ബെഹ്‌റ കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഡി.ജി.പി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്‌സ് ഉള്‍പ്പെടെ മോന്‍സന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button