ലോക്ക് ഡൗണില്‍ ഇളവ്,ഇന്ന് തുറക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്
തിരുവനന്തപുരം:കൊവിഡ് ലോക്ക് ഡൗണില്‍ ചില സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കും ബുധനാഴ്ച ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. തയാറാക്കി വച്ചിരിക്കുന്ന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്താം. രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ഓഫീസ് തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച പ്രിന്റിങ് പ്രസുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് സമയം. ‘ബ്രേക്ക് ദ ചെയിന്‍’ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കാനെന്ന് ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്നലെ 8 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് 19 ബാധിച്ച 13 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേര്‍) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.