ചെന്നൈ:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് ഒന്‍പത് വരെ നീട്ടി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഇന്നലെ 1,859 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്‌കൂളുകളും സിനിമ തിയേറ്ററുകളും തുറക്കില്ല. ചെന്നൈ ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാലാണ് തീരുമാനം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിവാഹങ്ങളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേ സമയം ലോക്ക്ഡൗണ്‍ ഇളവിൽ ഉടനെ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചക്കുള്ളിൽ പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നല്‍കി.വിവിധ രംഗത്തെ ആളുകളുമായി ഉടനെ ചർച്ച നടത്തണമെന്നും ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും മുഖ്യമന്ത്രി നിർദേശം നല്‍കി.
ലോക്ക്ഡൗണ്‍ തുടർന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ല ജനങ്ങളുടെ ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിർദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ടിപിആര്‍ അടിസ്ഥാനത്തിൽ നിയന്ത്രണം ഇനിയും തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തിൽ മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതിമാസം ഒരു കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്നും കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തു. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1382, പത്തനംതിട്ട 271, ആലപ്പുഴ 983, കോട്ടയം 740, ഇടുക്കി 222, എറണാകുളം 1599, തൃശൂര്‍ 2659, പാലക്കാട് 908, മലപ്പുറം 1838, കോഴിക്കോട് 1029, വയനാട് 239, കണ്ണൂര്‍ 959, കാസര്‍ഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,92,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,951 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,29,118 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,833 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2804 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.