27.7 C
Kottayam
Saturday, May 4, 2024

ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു വയസ്; കൊവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ കരുത്തേകുമെന്ന് മുഖ്യമന്ത്രി

Must read

പേരാമ്പ്ര: ജീവന്‍ പണയംവെച്ച് കൊവിഡ് പ്രതിരോധത്തിലേര്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക് മാതൃകയായ സിസ്റ്റര്‍ ലിനിയുടെ ജീവത്യാഗത്തിന് ഇന്ന് രണ്ടുവയസ്സ്. ലിനിയെന്ന മാലാഖ തന്റെ ദൗത്യമവസാനിപ്പിച്ച് മടങ്ങിയെങ്കിലും അവരുടെ പാതയില്‍ ഇന്ന് മറ്റൊരു വൈറസിനെ തുരത്താന്‍ ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അഹോരാത്രം പരിശ്രമിക്കുകയാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയില്‍നിന്ന് നിപ വൈറസ് ബാധയേറ്റ ലിനി 2018 മേയ് 21ന് മരണത്തിന് കീഴടങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേറ്റഡ് ഐ.സി.യുവില്‍നിന്ന് ഡ്യൂട്ടി നഴ്‌സിനോട് വാങ്ങിയ തുണ്ടുകടലാസില്‍, വിദേശത്തുള്ള ഭര്‍ത്താവ് സജീഷ് പുത്തൂരിന് അവര്‍ എഴുതിയ കത്ത് ലോകത്തെ തന്നെ കരയിപ്പിച്ചു. ‘ഞാന്‍ യാത്രയിലാണ്, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, സോറി…’ എന്ന് തുടങ്ങുന്ന ഏതാനും വരികളില്‍ മക്കളെക്കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ഉണ്ടായിരുന്നു. ലിനി യാത്രയായത് മുലകുടി മാറാത്ത മകന്‍ ഉള്‍പ്പെടെയുള്ളവരെ തനിച്ചാക്കിയായിരുന്നു. 16ന് രാവിലെ ഡ്യൂട്ടിക്ക് പോയ ലിനി പിന്നീട് തിരിച്ചുവന്നില്ല.

പ്രിയതമ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലാണെന്നറിഞ്ഞതോടെ ഭര്‍ത്താവ് സജീഷ് വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. അവസാനമായി ലിനിയെ ഐ.സി.യുവില്‍ കയറി കാണുകയും ചെയ്തു. പിറ്റേദിവസം അവള്‍ യാത്രയായി.

ലിനിയോടുള്ള ആദരവായി സര്‍ക്കാര്‍ സജീഷിന് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി ജോലി നല്‍കി. താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്കിന് ലിനിയുടെ പേരുനല്‍കി. കൂടാതെ കല്ലോട് ലിനി സ്മാരക ബസ് ബേ നിര്‍മിക്കുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയും ലിനിയുടെ ജീവത്യാഗത്തെ അനുസ്മരിച്ചിട്ടുണ്ട്. ഇളയ മകന്‍ സിദ്ധാര്‍ഥ് ടെലിവിഷനില്‍ ലിനിയുടെ ചിത്രം കാണുമ്‌ബോള്‍ ഇപ്പോഴും അമ്മ എന്നുപറഞ്ഞ് തുള്ളിച്ചാടും. നാല് വയസ്സ് പൂര്‍ത്തിയായ അവനെ എല്‍.കെ.ജിയില്‍ ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ്. മൂത്ത മകന്‍ ഋതുല്‍ ചെമ്പനോട റെയ്മണ്ട് സ്‌കൂളില്‍ രണ്ടാം തരത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേരാണ് ലിനിയുടെ ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍
ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറി.
കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.
രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week