‘അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭ’ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ഇന്ന് 60ആം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍ എന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍ എന്നും മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.
ആപത്ഘട്ടങ്ങളില്‍ സഹജീവികളെ സഹായിക്കാനും ലാല്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. പ്രളയകാലത്തും ഇതേ നിലയില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം തയ്യാറായി. നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂര്‍ത്തി ഘട്ടത്തില്‍ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍. 1960 മെയ് 21ന് ജനിച്ച അദ്ദേഹം 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ഭാഷകളിലായി 350ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സിദ്ധിക്ക് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.