തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറേയും സെക്യുരിറ്റി ജീവനക്കാരനെയും ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതികളായ കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പ്രതികള്‍ ആക്രമിച്ചത്.
ശരീരത്തില്‍ മുറിവുകളുമായി എത്തിയ പ്രതികളോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ തിരക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഡോക്ടറുടെ കൈപിടിച്ചു തിരിക്കുകയും പിടിച്ചു തള്ളുകളും ചെയ്തു.
‘പെണ്ണായതുകൊണ്ടാണ് വെറുതെ വിടുന്നത്, അല്ലെങ്കില്‍ ചുവരില്‍ നിന്ന് വടിച്ചെടുക്കേണ്ടിവന്നേനെ’യെന്ന് പ്രതികള്‍ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നു. ഡോക്ടറെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സെക്യുരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റത്.