ലാ നിന ശക്തിപ്രാപിക്കുന്നു: ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ ഇനിയും കനക്കും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പതിവില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് തീവ്രമായ മഴയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തുടനീളം കനത്ത മഴയ്ക്ക സാദ്ധ്യതയുണ്ടെന്ന സൂചനകളെ ഭയത്തോടെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നോക്കിക്കാണുന്നത്.
സംസ്ഥാനത്ത് മലയോര മേഖലകളില്‍ ജാഗ്രത ശക്തമാക്കിയേക്കും. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്താനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക. മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് രാജ്യത്തെ കൃഷി, വൈദ്യുതി ഉത്പാദനം പോലുള്ളവ മുന്നോട്ട് പോകുന്നത്. എന്നാല്‍ സാധാരണമഴയില്‍ തന്നെ കൃഷിനാശവും പ്രളയവും മിക്ക സംസ്ഥാനങ്ങളിലും അനുഭവപ്പെടാറുണ്ട്. അതിനാല്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ നിരവധി സംസ്ഥാനങ്ങള്‍ ഭയത്തോടെയും കൂടിയാണ് നോക്കിക്കാണുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയുടെ ദീര്‍ഘകാല ശരാശരിയായ 422.8 മില്ലിമീറ്ററിന്റെ 106 ശതമാനമായിരിക്കുമെന്നും ഐഎംഡി കണക്കുകൂട്ടുന്നു. ജൂണ്‍ 1 മുതല്‍ ശരാശരി 445.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 453.8 മില്ലീമീറ്ററാണ് ഇതുവരെ ലഭിച്ച മഴ. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതല്‍ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കുകിഴക്കന്‍, കിഴക്കന്‍ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച് അടക്കമുള്ള മേഖലകളില്‍ സാധാരണയിലും താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയുടെ ചില ഭാഗങ്ങളില്‍ മഴയുടെ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ജൂലായില്‍ ഇന്ത്യയില്‍ ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം കൂടുതല്‍ മഴ രേഖപ്പെടുത്തിയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.