28.4 C
Kottayam
Friday, May 3, 2024

സുരേന്ദ്രനെ ആക്രമിക്കാൻ അനുവദിക്കില്ല, പാർട്ടി ഒറ്റക്കെട്ട്; കൊടകരയിൽ പ്രതിരോധവുമായി ബി.ജെ.പി

Must read

കൊച്ചി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അദ്ദേഹത്തെ ജനമധ്യത്തിൽ പരിഹാസ പാത്രമാക്കി മാറ്റാൻ നടക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റേയും ശ്രമം വിലപ്പോകില്ലെന്ന് ബി.ജെ.പി. പാർട്ടി ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും ഒറ്റതിരിഞ്ഞ് നേതാക്കന്മാരെ ആക്രമിച്ച് അപകീർത്തിപ്പെടുത്തി പാർട്ടിയെ ഛിന്നഭിന്നമാക്കാമെന്ന് വിചാരിക്കേണ്ടന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊടകര കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ കോൾ ലിസ്റ്റ് പോലീസ് എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. പണം കവർച്ച ചെയ്ത കേസിലെ പ്രതികൾ സിപിഎമ്മുകാരും സിപിഐക്കാരുമാണ്. അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?. അവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ എന്തെല്ലാമാണ്? അവരുടെ ഫോൺ കോൾ ലിസ്റ്റുകൾ പരിശോധിച്ച് പോലീസ് എന്തുകൊണ്ട് ബന്ധപ്പെടുന്നില്ല. അതിന്റെ പിന്നിലുള്ള ഗൂഢാലോചന, കരുനീക്കങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവ എന്തായിരുന്നുവെന്ന് പറയാനുള്ള ബാധ്യത സർക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേസിൽ ധർമരാജൻ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാൻ വിളിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും കുമ്മനം ചോദിച്ചു. കേസിലെ പ്രതികൾക്ക് സി.പി.എമ്മിന്റെയും സി.പി.ഐ.യുടേയും ഉന്നത നേതാക്കളുമായി ബന്ധമുണ്ട്. എംഎൽഎ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ. അവരെക്കുറിച്ച് വെളിപ്പെടുത്താൻ പോലീസ് എന്തുകൊണ്ട് വിമുഖത കാണിക്കുന്നുവെന്നും കുമ്മനം ചോദിച്ചു.

ധർമരാജന് ബി.ജെ.പി.യുമായി അനുഭാവമുള്ളതിനാലും അടുത്ത് പ്രവർത്തിച്ചിരുന്നതിനാലും തിരഞ്ഞെടുപ്പ് കാലത്ത് ചില ജോലികൾ ഏൽപ്പിച്ചുകൊടുത്തിരുന്നു. പക്ഷേ പരാതിക്കാരനായ ധർമരാജൻ ആരെയെല്ലാം വിളിച്ചോ അവരെയെല്ലാം തേടിപ്പിടിച്ച്, ബിജെപി നശിപ്പിക്കാനുള്ള ഉദ്ദശത്തോടെ കേസ് അന്വേഷണം നടത്തുന്നത് എന്തിന് വേണ്ടിയാണ് ?. സംസ്ഥാന അധ്യക്ഷന്റെ മകനെവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്, ബിജെപിയെ ഒന്നാകെ തന്നെ അവഹേളിച്ച് ജനമധ്യത്തിൽ കരിതേച്ച് കാണിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാൻ വേണ്ടിയാണെന്നും കുമ്മനം ആരോപിച്ചു.

ബി.ജെ.പി. സംസ്ഥാന കോർ കമ്മിറ്റിയോഗം ഹോട്ടലിൽ നടത്തുന്നത് പൊലീസ് വിലക്കിയതിനേയും കുമ്മനം രൂക്ഷമായി വിമർശിച്ചു. കോർ കമ്മിറ്റി യോഗം വിലക്കിയത് സർക്കാർ ഇടപെട്ടിട്ടാണ്. മുൻകൂട്ടി അനുവാദം വാങ്ങി, എല്ലാ പ്രോട്ടോക്കോളുകൾക്കും വിധേയമായാണ് ഇന്ന് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് പ്രവർത്തിക്കാനുള്ള ഭരണഘടനാപരമായ മൗലികമായ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ലംഘിച്ചുകൊണ്ടാണ് കേരള സർക്കാർ ഇത്തരം നീക്കം നടത്തുന്നത്. ഇത് ബിജെപിയോട് മാത്രം കാണിക്കുന്ന നിഷേധാത്മകമായ നയമാണെന്നും പക്ഷപാതപരമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി ചില മാധ്യമങ്ങളും സി.പി.എമ്മും കോൺഗ്രസും ചിലതൽപ്പര കക്ഷികളും ബിജെപിയെ കൊത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാണ്. ഏത് വിധേനയും ബിജെപിയെ കേരളത്തിൽ തച്ചുതകർത്ത്, എതിർശബ്ദം ഉണ്ടാകാതിരിക്കാനുള്ള രാഷ്ട്രീയ കരുനീക്കമാണ് ഉണ്ടാകുന്നത്. ബഹുജനാടിത്തറയും പിന്തുണയുമുള്ള ഒരു പാർട്ടിയെ സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല എന്ന സിപിഎം നിലപാട് ഫാസിസമാണെന്നും കുമ്മനം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week