ആനവണ്ടിയും കെ.എസ്.ആര്‍.ടി.സിയും കേരളത്തിന് സ്വന്തം,നിയമപോരാട്ടത്തില്‍ വിജയം
ചെന്നൈ: കെ.എസ്.ആർ.ടി.സി എന്ന പേരിനെ ചൊല്ലി കർണാടക ആർടിസിയുമായുള്ള തർക്കത്തിൽ കേരള ആർടിസിക്ക് വിജയം. കെ.എസ്.ആർ.ടി.സി എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവിട്ടു. ആനവണ്ടി എന്ന പേരും കെഎസ്ആർടിസിക്ക് മാത്രമായിരിക്കും സ്വന്തം.
കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെ.എസ്.ആർ.ടി.സി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു.
തുടർന്ന് അന്നത്തെ കെഎസ്ആർടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിൽ കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താൻ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാക്കുകയായിരുന്നു. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.
കെ എസ് ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്‌ആർടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് അവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.
അതിനിടെ കെഎസ്ആർടിസി സിറ്റി സർവ്വീസുകൾ കൂടുതൽ ജനകീയമാക്കുവാനായി സംസ്ഥാന വ്യാപകമായി പുതിയ സർക്കുലർ സർവ്വീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ പ്രധാനഓഫീസുകൾ തമ്മിൽ ബന്ധിപ്പിച്ചാവും സർവീസുകൾ. ജൻറം ബസുകളുടെ സീറ്റുകളുടെ ഘടന മാറ്റി നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ ജൂലൈ അവസാനത്തോടെ പുതിയ സർക്കുലർ സർവീസുകൾ തുടങ്ങും. പ്രത്യേക കളർ കോഡും നിശ്ചിത തുക അടച്ച് കിട്ടുന്ന കാർഡ് ഉപയോഗിച്ച് ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനുള്ള സംവിധാനവും ഈ സർവ്വീസുണ്ടാവും.