NationalNews

വനിതാ ഡോക്ടറുടെ ബലാത്സംഗ കൊല: ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു, ഒപി ബഹിഷ്കരണം തുടരും

കൊൽക്കത്ത: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത റസിഡന്റ് ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളുന്നയിച്ച് ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ശനിയാഴ്ച്ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ തിരികെ  ഡ്യൂട്ടിക്ക് കയറുമെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം ഒപി ബഹിഷ്‌കരണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെ കൊൽക്കത്തയിൽ റാലി നടത്തി ഇപ്പോത്തെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഡോക്ടർമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ അറിയിച്ചിട്ടുണ്ട്.

ആർജി കർ മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. സമരക്കാരുടെ ആവശ്യപ്രകാരം കൊൽക്കത്ത പോലിസ് കമ്മിഷണർ വിനീത് ഗോയലിനെയും ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെയും സർക്കാർ നീക്കം ചെയ്തിരുന്നു.

ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കിയിരുന്നു. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലാണ് സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കിയത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായി സിബിഐ പറഞ്ഞിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചതായും മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയെന്നും സിബിഐ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ആഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സന്ദീപ് ഘോഷ് ഫോണിൽ സംസാരിച്ചതിന് തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും തെളിവുകൾ നശിപ്പിച്ചതിനും ഇയാളെ സിബിഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.നേരത്തെ, സന്ദീപ് ഘോഷിൻ്റെയും മൂന്ന് കൂട്ടാളികളുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

ഒരേസമയമാണ് വീടുകളിൽ റെയ്ഡ് നടത്തിയത്. ബെലിയാഘട്ടയിലെ ഘോഷിൻ്റെ വസതിയിലും ഹൗറയിലെയും സുഭാഷ്ഗ്രാമിലെയും രണ്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇയാൾക്കെതിരെ ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker