കണ്ണീരൊപ്പുമെന്ന് വാഗ്ദാനം ചെയ്തു; പക്ഷെ കേന്ദ്രം കണ്ണില്‍ മുളക്‌പൊടി തേച്ചെന്ന് കോടിയേരി
തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് വാഗ്ദാനം ചെയ്ത കേന്ദ്രം കണ്ണില്‍ മുളക് തേയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരയോഗത്തില്‍ ദുരിതാശ്വാസ സഹായത്തില്‍ നിന്നു കേരളത്തെ തഴഞ്ഞതിന്റെ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കോടിയേരി കുറിച്ചു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കല്‍ എത്രമാത്രം മനുഷ്യത്വ രഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്രനടപടിയെപ്പറ്റി ഇവിടുത്തെ ബിജെപി നേതാക്കള്‍ക്കും കേന്ദ്രമന്ത്രി മുരളീധരനും എന്താണ് പറയാനുള്ളതെന്നും കോടിയേരി ചോദിക്കുന്നു. പ്രളയദുരത്തിനുള്ള നഷ്ടപരിഹാരം നിഷേധിച്ചതിനു പിന്നാലെ ദുരിതാശ്വാസ ക്യാന്പുകളില്‍ വിതരണം ചെയ്ത അരിയുടെ പണവും കേന്ദ്രം ചോദിച്ചിരിക്കുകയാണ്. ഇത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.