കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്സ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരു മാസത്തിനിടെ 11 തവണ ഫാക്ടറിക്കുള്ളില്‍ പരിശോധന നടത്തിയെന്നാരോപിച്ചാണ് പിന്മാറ്റം.
കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിലാണ് സര്‍ക്കാരുമായി കിറ്റെക്സ് 3,500 കോടി രൂപയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 35000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും തുടക്കമിട്ടിരുന്നു.
2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ധാരണാ പത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കമ്പനിക്കുള്ളില്‍ പരിശോധന നടത്തിയത്. ജോലി തടസപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. കിറ്റെക്സിനെ വേട്ടയാടി കമ്പനി പൂട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംഡി സാബു ജേക്കബ് ആരോപിച്ചു.
കിറ്റെക്സ് നേതൃത്വം നല്‍കുന്ന ട്വന്റി-ട്വന്റി ജനകീയ കൂട്ടായ്മ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പ്രതികാരമായാണ് തുടര്‍ച്ചയായി പരിശോധന നടക്കുന്നതെന്നും സാബു ജേക്കബ് പറയുന്നു. കിറ്റെക്സ് കമ്പനി പരിശോധനകള്‍ക്ക് എതിരല്ല. എന്നാല്‍ വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.