മൊഡേണ വാക്സിന് ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി
ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ കൊവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മൊഡേണ വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുക.
ഇന്ത്യയില്‍ ഉപയോഗത്തിനുള്ള അനുമതി തേടി സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മൊഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുക. ഒരു വാക്സിന് അടിയന്തര ഉപയോഗത്തിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചാല്‍ വിപണനത്തിന് അനുമതി നല്‍കാമെന്ന് സിപ്ല അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
അതേസമയം സ്പുട്നിക് വി വാക്സിന്‍ രാജ്യത്ത് വിപണിയിലെത്താന്‍ വീണ്ടും വൈകും എന്നാണ് വിവരം. റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് വി വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിന്റെ ഇറക്കുമതിയും ഗുണനിലവാര പരിശോധനയും നടത്താനുള്ളതിനാലാണ് വിപണിയിലിറക്കുന്നത് നീണ്ട് പോകുന്നത് എന്നും കമ്പനി വ്യക്തമാക്കി. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസേര്‍ച്ച് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം സ്പുട്നിക് വി വാക്സിന്റെ പൈലറ്റ് സോഫ്റ്റ് ലോഞ്ച് നടത്തിയിരുന്നു. റെഡ്ഡീസ് ലബോറട്ടറിയില്‍ നിന്ന് വാക്സിന്‍ നേരിട്ട് വാങ്ങിയാണ് ഇത് നടത്തിയത്.