തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്സിന് നിര്‍മ്മിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വാക്സിന് നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ കെ.എസ്.ഐ.ഡി.സിയില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു.
വാക്സിന്റെ നിര്‍മ്മാണ യൂണിറ്റ് തോന്നയ്ക്കല്‍ ബയോ ടെക്നോളജിക്കല്‍ പാര്‍ക്കില്‍ ആരംഭിക്കുന്നതിനുള്ള താത്പ്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് കൈമാറി. കോവിഡ് വാക്സിന് പുറമെ ഭാവിയില്‍ മറ്റ് വാക്സിനുകളും നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.രാജീവ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ റഷ്യയുടെ സ്പുട്നിക് വാക്സിനാകും നിര്‍മ്മിക്കുകയെന്നാണ് സൂചന.
വ്യവസായ വികസന കോര്‍പ്പറേഷനും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും സ്പുട്നിക് വാക്സിന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ റഷ്യയ്ക്ക് പുറത്ത് ബ്രസീല്‍, തുര്‍ക്കി, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളിലാണ് സ്പുട്നിക് വാക്സിന് നിര്‍മ്മാണ യൂണിറ്റുകളുള്ളത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പടെ ഏഴ് ഫര്‍മാ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന് രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്സിന് കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും.
വാക്സിന് എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്സിനേഷന് നടപടികള്‍ ഫലപ്രദമാക്കാന്‍
തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്സിന് കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിന് നല്‍കാനാകണം.
തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം.പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.വൊക്കേഷണല്‍ പരിശീലന സ്ഥാപനങ്ങള്‍ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.