KeralaNews

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും; ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. 32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ത്രൈമാസ ടാക്സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണുള്ളതെന്നും ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു.

ഈ മാസം 31നാണ് ത്രൈമാസ ടാക്സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്സ് അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ടാക്സ് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണ് ഇപ്പോള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ബസുടമകളുടെ തീരുമാനം.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button