സി.ബി.ഐ അന്വേഷിക്കണം; മിഷേല്‍ ഷാജിയുടെ കല്ലറയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ നിരാഹാര സമരം

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ കല്ലറയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ നിരാഹാര സമരം. മകളുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ സമരം ചെയ്യുന്നത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേല്‍ ജീവനൊടുക്കിയെന്ന നിലപാടിലാണ്. എന്നാല്‍ മാതാപിതാക്കള്‍ ഇത് തള്ളുന്നു.

മകള്‍ ജീവനൊടുക്കാന്‍ ഒരു കാരണവുമില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നുമാണ് പിതാവ് ഷാജി വര്‍ഗീസിന്റെ ആരോപണം. മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നിട്ടില്ല. മിഷേല്‍ പള്ളിയിലുള്ള സമയം സിസിടിവിയില്‍ വ്യക്തമായിട്ടും ഏഴിന് ശേഷമാണ് ഹോസ്റ്റലില്‍ നിന്നുമിറങ്ങിയതെന്ന് എഫ്ഐആറില്‍ എഴുതി പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും കുടുംബം പറയുന്നു.

ഡോ. ഉമാദത്തന്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഫോറന്‍സിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോള്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. പോലീസ് ആത്മഹത്യയെന്ന് കണ്ടെത്തിയതില്‍ കള്ളക്കളിയുണ്ടെന്നും കുടുംബം പറയുന്നു. 2017 മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിലാണ് കണ്ടെത്തിയത്. കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനിയായിരുന്നു മിഷേല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News