വീട്ടിൽവെച്ച് മൊഴിയെടുക്കണമെന്ന് കാവ്യാ മാധവൻ, പറ്റില്ലെന്ന് ക്രൈംബ്രാഞ്ച്, നടിയെ പൂട്ടാനൊരുങ്ങി പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) നടി കാവ്യ മാധവനെ (Kavya Madhavan) വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നൽകി. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ദിലീപിൻ്റെ ഡ്രൈവറുടെ ഫോണിൽ വിളിച്ചാണ് മറ്റൊരിടത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിർദേശം. എന്നാൽ അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടിൽ വന്നാൽ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നൽകാൻ താൻ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടിൽവെച്ച് വേണമെന്നുമാണ് കാവ്യയുടെ ആവശ്യം.
സാക്ഷി എന്ന നിലയിലാണ് നിലവിൽ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിരുന്നത്. പുറത്തുവന്ന ശബ്ദരേഖകൾ അനുസരിച്ചും മുഖ്യപ്രതി പൾസർ സുനിലിന്‍റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് ക്രൈംബ്രാഞ്ചിന്‍റെ ശ്രമം. ഇതിനിടെ ദിലീപിന്‍റെ മുൻഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടായിരുന്നു എന്ന് മഞ്ജു വാര്യർ മൊഴി നൽകിയിട്ടുണ്ട്.
പുറത്തുവന്ന ശബ്ദരേഖകളിലുളളത് ദിലീപിന്‍റെ ശബ്ദ തന്നെയാണെന്ന് മഞ്ജു വാരിയർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ തന്‍റെ ശബ്ദമല്ലെന്നും ആരോ അനുകരിച്ചതെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ ദിലീപ് ആവർത്തിച്ചിരുന്നത്. ദിലീപിന്‍റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദവും മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപുൾപ്പെട്ട വധ ഗൂഡാലോചനാക്കേസിൽ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നാളെ നോട്ടീസ് നൽകും. ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ഇടപെട്ടെന്നാണ് ആരോപണം.
കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കമുള്ളവരുടെ മൊഴി. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്.
എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടെന്ന് ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്.
പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു. അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗസിൽ നോട്ടീസ് നൽകി. അതിജീവിത നൽകി പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.