HealthKeralaNews

സംസ്ഥാനത്ത് 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍,എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്‌ളാഗോഫും ഏപ്രില്‍ 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവന്‍ അങ്കണത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും. സംസ്ഥാന സര്‍ക്കാരിന്റേയും എഫ്.എസ്.എസ്.എ.ഐ.യുടേയും സഹകരണത്തോടെയാണ് ഈ ലബോറട്ടറികള്‍ സജ്ജമാക്കിയത്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് പുതുതായി മൊബൈല്‍ ലബോറട്ടികള്‍ അനുവദിച്ചിട്ടുള്ളത്. ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ കൂടി സജ്ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി.

പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊതുജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന പൊതു മാര്‍ക്കറ്റുകള്‍, റസിഡന്‍ഷല്‍ ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്നതാണ്. ആ പ്രദേശത്തെ ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധിക്കുന്നതൊടൊപ്പം ജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അവബോധം നല്‍കും.

ഇതോടൊപ്പം അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യ ഉത്പാദകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് പരിശീലനവും നല്‍കും. വീട്ടില്‍ മായം കണ്ടെത്താന്‍ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഈ മൊബൈല്‍ ലാബുകളില്‍ സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡല്‍റ്ററേഷന്‍ ടെസ്റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്. റിഫ്രാക്‌ടോമീറ്റര്‍, പിഎച്ച് & ടി.ഡി.എസ്. മീറ്റര്‍, ഇലക്‌ട്രോണിക് ബാലന്‍സ്, ഹോട്ട്‌പ്ലേറ്റ്, മൈക്രോബയോളജി ഇന്‍ക്യുബേറ്റര്‍, ഫ്യൂം ഹുഡ്, ലാമിനാര്‍ എയര്‍ ഫ്‌ളോ, ആട്ടോക്ലേവ്, മില്‍ക്കോസ്‌ക്രീന്‍, സാമ്പിളുകള്‍ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളാണ് മൊബൈല്‍ ലാബിലുള്ളത്.

പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി മൈക്ക് സിസ്റ്റം ഉള്‍പ്പെടെ ടിവി സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, പാല്‍, എണ്ണകള്‍, മത്സ്യം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ ലാബുകളിലേക്ക് അയക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker