കശ്‌മീരിൽ ധാരണ; മണ്ഡല പുനർനിർണയവും തിരഞ്ഞെടുപ്പും ആദ്യം,സംസ്ഥാനപദവി തിരിച്ച് നൽകാനും ധാരണ
ന്യൂഡൽഹി :ജമ്മുകശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പു നടത്താനും യുക്തമായ സമയത്ത് സംസ്ഥാനപദവി നൽകാനും പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്രസർക്കാർ. മേഖലയിലെ ഭാവി നടപടികൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച വിളിച്ച സർവക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാമേഖലയിലും ജനാധിപത്യ പ്രക്രിയയും വികസനവുമെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ദില്ലി കി ദൂരി”യും ‘ദിൽ കി ദൂരി”യും (ഡൽഹിയിലേക്കുള്ള ദൂരവും മനസ്സിലെ ദൂരവും) ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം രാജ്യതാത്‌പര്യം ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാർലമെന്റിൽ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിന് മണ്ഡല പുനർനിർണയ നടപടികളും സമാധാനപരമായ തിരഞ്ഞെടുപ്പും നിർണായകമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ, സുപ്രീംകോടതിയുടെ പരിഗണനിയിലിരിക്കുന്നതിനാൽ 370-ാം അനുച്ഛേദം സംബന്ധിച്ച് സർക്കാർ പ്രതികരിച്ചില്ല.
ജമ്മുകശ്മീരിന് സമ്പൂർണ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ തിരിച്ചു നൽകണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പട്ടു. മണ്ഡല പുനർനിർണയം ആവശ്യമില്ലെന്നും ജമ്മുകശ്മീരിന് മാത്രമായി ഇത്തരത്തിൽ പ്രത്യേകനടപടി എന്തിനാണെന്നും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ സഖ്യം നേതാക്കൾ ചോദിച്ചു. കോൺഗ്രസ് അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്താനുമായും ചർച്ചയാകാമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. യോഗം സൗഹൃദപരമായിരുന്നുവെന്ന് പ്രതിപക്ഷ-ഭരണപക്ഷ നേതാക്കൾ പിന്നീട് അഭിപ്രായപ്പെട്ടു.
ജമ്മുകശ്മീരിന് പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന 370-ാം അനുച്ഛേദം 2019-ൽ റദ്ദാക്കിയ ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാരും അവിടത്തെ രാഷ്ട്രീയ നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കം 14 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ വസതിയിൽ വൈകീട്ട് 3.30-ന് ആരംഭിച്ച യോഗം മൂന്നര മണിക്കൂർ നീണ്ടു. ജമ്മുകശ്മീരിൽ ജനാധിപത്യപ്രക്രിയ വിപുലീകരിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ അധ്യക്ഷത വഹിച്ച് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പും ജില്ലാതല തിരഞ്ഞെടുപ്പും നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനർനിർണയം നടത്താൻ എല്ലാവരും സഹകരിക്കണം. മേഖലയുടെ ശാന്തിയും സമാധാനവുമാണ് പരമപ്രധാനം. ഒരു മരണം പോലും സങ്കടകരമാണ്. യുവാക്കളെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ് -പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ജമ്മുകാശ്മീരിൽ സ്വീകരിച്ച നടപടികളും നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും ഭാവി പരിപാടികളുടെ രൂപരേഖയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മുകാശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല തുടങ്ങിയവരും പങ്കെടുത്തു.