തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സിനെ ഔദ്യോഗികമായി ക്ഷണിച്ച് കർണാടകയും. കർണാടക വ്യവസായ വകുപ്പ് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബിനാണ് കത്ത് അയച്ചത്. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് കർണാടകയും കത്ത് അയക്കുന്നത്. വ്യവസായം തുടങ്ങാൻ നിരവധി ആനുകൂല്യങ്ങൾ നൽകുമെന്ന് അറിയിച്ചാണ് ക്ഷണം. ഒന്‍പത് സംസ്ഥാനങ്ങളാണ് കിറ്റെക്സ് മാനേജ്മെന്‍റുമായി ഇതുവരെ ബന്ധപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളുമായി സഹകരിക്കണോയെന്ന കാര്യത്തിൽ കിറ്റെക്സ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കിറ്റെക്‌സ് എന്ന സ്ഥാപനം കൂടി പൂട്ടേണ്ടി വരുമെന്ന ധ്വനിയാണ് വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രതികരണത്തിലുള്ളത് എന്നാണു മനസ്സിലാകുന്നതെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം.ജേക്കബ് വ്യക്തമാക്കിയിരുന്നു.കിറ്റെക്‌സില്‍ നടന്ന പരിശോധനകള്‍ നിയമപരമായിരുന്നെന്നു വിശദമാക്കി പി.രാജീവ് നടത്തിയ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയാണ് സാബുവിന്റെ പ്രതികരണം.
ഒരു വ്യവസായിയെ ഒരു മാസം മൃഗത്തെ പോലെ പീഡിപ്പിച്ചു. നന്നായി പോകുന്ന ഒരു സ്ഥാപനം 73 കുറ്റങ്ങള്‍ ചെയ്‌തെന്നു കാണിച്ച് മെമ്മോ നല്‍കി. പരിശോധനകള്‍ നടത്തിയത് ബെന്നി ബെഹനാന്‍ എംപിയുടെയും പി.ടി.തോമസ് എംഎല്‍എയുടെയും പരാതിയെ തുടര്‍ന്നാണ് എന്നത് പുതിയ അറിവാണ്. ഇതു കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഒരു മാസമെടുത്തു.
ഒരു ഫാക്ടറി ഉടമയെ മാനസികമായി തകര്‍ത്ത്, തൊഴിലാളികളെ സമ്മര്‍ദത്തിലാക്കി വിവിധ വകുപ്പുകള്‍ 11 പരിശോധനകള്‍ നടത്തിയിട്ട് അതിനെ ന്യായീകരിക്കുന്നതായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. ഇതു തനിക്കു മാത്രമുണ്ടായ അനുഭവമല്ല, കേരളത്തിലെ 99 ശതമാനം വരുന്ന വ്യവസായികളുടെയും അനുഭവമാണ്.
തനിക്കെതിരെ കേരളത്തിനു മാനക്കേടുണ്ടാക്കിയെന്നു പ്രചരണം കൊണ്ടുവരുന്നു. ഇവിടെ വ്യവസായം നടത്തുന്ന ആരോടു ചോദിച്ചാലും രഹസ്യമായി അവര്‍ ഇതുതന്നെ പറയും. ക്യാമറയ്ക്കു മുന്നില്‍ പറയില്ലെന്നതാണ് യാഥാര്‍ഥ്യം. ലോകത്തുള്ള മുഴുവന്‍ മലയാളികളും പ്രവാസികളും ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്തപ്പോള്‍ നാലു ദിവസം കഴിഞ്ഞാണ് ഒരു ഉദ്യോഗസ്ഥന്‍ എന്താണ് എന്നു ചോദിച്ചു വന്നത്.
തന്റെ വ്യവസായം ഇവിടെനിന്നു കൊണ്ടുപോകേണ്ടെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ല. 3500 കോടി എവിടെ നിക്ഷേപിക്കും എന്നതിനെക്കാള്‍ ഒരു കോടിയുടെ നിക്ഷേപം പോലും ഏതു സംസ്ഥാനവും രാജകീയമായി സ്വീകരിക്കുന്ന സാഹചര്യമാണുള്ളത്. 9 സംസ്ഥാനങ്ങളില്‍നിന്ന് ഇതുവരെ ക്ഷണം വന്നിട്ടുണ്ട്. ഇതു കിറ്റെക്‌സിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തില്‍ 10,000 രൂപ മുതല്‍ നിക്ഷേപിക്കുന്നവരുടെ പ്രശ്‌നമായിട്ടാണ് കാണുന്നത്. അതു പരിഹരിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.
11 പരിശോധനകളെയും മെമ്മോയെയും പറ്റി ചോദിക്കുമ്പോള്‍ മൗനം പാലിച്ചുകൊണ്ട് ഇനിയുള്ള പരിശോധന ഇങ്ങനെയായിരിക്കും എന്നല്ല പറയേണ്ടത്. ആദ്യം പരിശോധിച്ചത് ആരാണ്, എന്തിനാണ് എന്നെല്ലാം പറയണം. അവ ഒരു എംപിയുടെയും എംഎല്‍എയുടെയും പുറത്തു കെട്ടിവയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യം പറഞ്ഞത് ഹൈക്കോടതിയുടെ പരാതിയെ തുടര്‍ന്ന് എന്നായിരുന്നു. ഇപ്പോഴതു മാറി. തന്റെ പദ്ധതിയുടെ കാര്യത്തില്‍ അങ്ങനെ ഒരു പദ്ധതി തന്നെയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
തന്നെയും ഫാക്ടറിയെയും ഇല്ലാതാക്കാനുള്ള ആരുടെയോ രഹസ്യ അജന്‍ഡയാണ് ഇതിനു പിന്നില്‍. പ്രശ്‌നം പരിഹരിക്കുന്നതിനു പകരം കമ്പനി പോയാലും കുഴപ്പമില്ല എന്ന രീതിയിലാണ് സര്‍ക്കാരുള്ളത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒന്നുമുണ്ടാകില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. എന്തായാലും സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. താന്‍ വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല എന്നു പറയുന്നതില്‍ വസ്തുതയില്ല, പുതിയ നമ്പരായാല്‍ പോലും വിളിച്ചാല്‍ സമയം കിട്ടുമ്പോള്‍ എല്ലാവരെയും തിരിച്ചുവിളിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ ചെയ്യാറുള്ളൂവെന്നും സാബു പറഞ്ഞു.
കിറ്റെക്‌സ് ഗാര്‍മെന്റ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍. കിറ്റെക്സ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ ജ്വാല തെളിക്കലില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.
‘അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങള്‍’, ‘സഹായം വേണ്ട ഉപദ്രവിക്കരുത്’, ‘കിറ്റെക്സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി’ തുടങ്ങിയ വാചകങ്ങള്‍ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുമായാണ് തൊഴിലാളികള്‍ പ്രതിഷേധ ജ്വാല തെളിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മുതല്‍ അരമണിക്കൂര്‍ പ്രതിഷേധം നീണ്ടു.