കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബിജെപിയിലേക്ക്
ബെംഗലൂരു:കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബിജെപിയിലേക്ക്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അഗത്വമെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നാണ് ഇത് നടക്കുക.
ഇതോടെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകര്‍ ആയിരിക്കും ഇരുവരും. ഇതിനായി കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടകത്തില്‍ അങ്ങോളമിങ്ങോളമുള്ള പരിപാടികളില്‍ കിച്ച സുദീപ് പങ്കെടുക്കുമെങ്കിലും കല്യാണ മേഖലയിലായിരിക്കും കൂടുതല്‍ ശ്രദ്ധ. കിച്ച സുദീപിന്‍റെ വലിയ ആരാധകവൃന്ദത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സ്വാധീനിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് ബിജെപി നീക്കം.
ഫെബ്രുവരി മാസത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് തലവന്‍ ഡി കെ ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കിച്ച സുദീപും ശിവകുമാറുമായി അടുത്ത വൃത്തങ്ങളും പിന്നാലെ സ്ഥിരീകരിച്ചിരുന്നു.
മെയ് 10 നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണല്‍ നടക്കുക. കോണ്‍ഗ്രസും ജെഡിഎസും സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 8 ന് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമെത്തിയ വിക്രാന്ത് റോണയാണ് കിച്ച സുദീപ് നായകനായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. ഉപേന്ദ്ര നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കബ്സയില്‍ അതിഥിവേഷത്തിലും കിച്ച സുദീപ് എത്തിയിരുന്നു.