26.5 C
Kottayam
Tuesday, May 14, 2024

രാജ്യത്തെ ഞെട്ടിച്ച ആക്രമണം, പഴുതടച്ച അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ

Must read

കോഴിക്കോട്: ഞെട്ടിച്ച എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്.

തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്.

എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഞായറാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ ആക്രമണം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്‌റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്.

റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. സംഭവശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് കിട്ടിയ കുറിപ്പ്, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നും ഇയാളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. 

 ഞായര്‍ രാത്രി 9.30ന് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് നടുക്കുന്ന സംഭവങ്ങളുണ്ടായത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചില്‍ നിന്ന് ഡിവണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.

എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളിച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡിവണ്‍ കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല.

അക്രമി അപ്പോഴേക്കും ഓടി മറഞ്ഞിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഓടി. നിര്‍ത്തിയ ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് പൊള്ളലേറ്റവരെ ആംബുലന്‍സുകളിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week