KeralaNews

‘കണ്ണൂരില്‍ ബോംബ് പൊട്ടി വൃദ്ധനല്ലേ മരിച്ചത്,ചെറുപ്പക്കാരനല്ലല്ലോ?ബോംബുകൾ ഇനിയും പൊട്ടാനുണ്ട്; വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരിലെ എരഞ്ഞോളിയില്‍ ബോംബ് സ്ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മരിച്ചത് ചെറുപ്പക്കാരനല്ലല്ലോയെന്നും ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.

‘ബോംബുകൾ ഇനിയും പൊട്ടാനുണ്ട്. പൊട്ടി കഴിയട്ടെ. അതിനുശേഷം ഞാന്‍ നിങ്ങളെ കാണാം,’ എന്നാണ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരന്‍ അല്ലല്ലോയെന്നും സുധാകരന്‍ പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് കെ.പി.സി.സി. അധ്യക്ഷനെതിരെ ഉയരുന്നത്.

ചൊവ്വാഴ്ചാണ് തലശേരിയിലെ എരഞ്ഞോളിയില്‍ ബോംബ് സ്ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് വേലായുധന്‍ (85) ബോംബ് പൊട്ടി മരിച്ചത്.

ബോംബ് സ്ഫോടനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവര്‍ത്തിയും സര്‍ക്കാര്‍ തടയുമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം കണ്ണൂരില്‍ തുടരെ ഉണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ജില്ലയിലെ എല്ലാ സ്ഥലത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കി വെക്കുകയാണ് ചെയ്യുന്നത്. സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ അത് തുറന്ന് നോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കണമെന്നുമാണ് വി.ഡി. സതീശന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button