26.7 C
Kottayam
Wednesday, April 24, 2024

യു.ഡി.എഫ് മോശമായിരുന്നെങ്കില്‍ ഉള്ളില്‍ കയറി പറ്റാന്‍ ശ്രമിച്ചതെന്തിന്; പി.സി ജോര്‍ജിനെതിരെ കെ സുധാകരന്‍

Must read

കണ്ണൂര്‍: യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ വിമര്‍ശനം നടത്തിയ പി.സി. ജോര്‍ജിനെതിരേ കെ. സുധാകരന്‍ എം.പി. യുഡിഎഫ് മോശമായിരുന്നെങ്കില്‍ ഉള്ളില്‍ കയറി പറ്റാന്‍ ജോര്‍ജ് ഇത്രകാലം ശ്രമിച്ചതെന്തിനെന്ന് സുധാകരന്‍ ചോദിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിലും സുധാകരന്‍ പ്രതികരിച്ചു. ഇഷ്ടമുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് പാര്‍ട്ടി സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യം മുല്ലപ്പള്ളി തീരുമാനിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞിരിന്നു. യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് ജോര്‍ജ് പറഞ്ഞു.

ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തിലാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനമാണ് ഇനിയും ധാരണയില്‍ എത്താതത്. 12 സീറ്റാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.

പി.ജെ ജോസഫിന് കൊവിഡ് ബാധിച്ചതിനാല്‍ സീറ്റ് വിഭജന ചര്‍ച്ച മാറ്റിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അധികം വൈകാതെ ചര്‍ച്ച നടക്കുമെന്നാണ് അറിയുന്നത്. രണ്ട് സീറ്റ് അധികമായി ആവശ്യപ്പെടുന്ന ആര്‍എസ്പിയുമായി ചര്‍ച്ച തുടരുകയാണ്. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികമായി നല്‍കാന്‍ ധാരണയായിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week