തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
ചാനൽ ചർച്ചയിൽ രൂക്ഷവിമർശനമാണ് ഇരുനേതാക്കളും നടത്തിയത്. വി ഡി സതീഷനും കെ സുധാകരനുമെതിരെ രൂക്ഷവിമർശനമാണ് കെ പി അനിൽ കുമാർ നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീഷനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. കെ പി അനിൽ കുമാർ പറഞ്ഞു.
കെ പി അനിൽ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസന്‍ നായരും നടത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിംഗ് പ്രസിഡന്റിുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്.