കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ തൃത്താല മണ്ഡലവുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെ. ആർ മീരയുടെ പോസ്റ്റ് വൈറലാകുന്നു. സൈബർ സെല്ലിനെ ഉപയോഗിച്ച് നിലവിലെ തൃത്താല എംഎൽഎ തന്നെ തെറി വിളിച്ചതും അതേ സമയം എം. ബി രാജേഷ് ചെയ്ത സദ്പ്രവൃത്തിയും താരതമ്യം ചെയ്താണ് കെ. ആർ മീരയുടെ പോസ്റ്റ്.
“ഒരാൾ തെറി വിളിക്കുന്നു; മറ്റേയാൾ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി രണ്ടു വാക്കു സംസാരിക്കാമോ എന്ന് അഭ്യർഥിക്കുന്നു”, എന്നാണ് എം.ബി രാജേഷിനെയും വി.ടി ബൽറാം എംഎൽഎയെയും താരതമ്യം ചെയ്ത് കെ.ആർ മീര പോസ്റ്റിട്ടത്.
തന്റെ എഴുത്തിഷ്ടപ്പെടുന്ന തീർത്തും സാധാരണ കുടുംബത്തിലെ കുട്ടിയുടെ നമ്പർ തരട്ടെ? തിരക്കൊഴിയുമ്പോൾ അവളെ ഒന്നു വിളിച്ചു സംസാരിക്കാമോ? അത് ആ കുട്ടിക്കു വലിയ പ്രചോദനമായിരിക്കും എന്നു പറഞ്ഞ് എം.ബി രാജേഷ് തന്നെ വിളിച്ചെന്നും കെ ആ.ർ മീര കുറിച്ചു. പോസ്റ്റിൽ പലയിടങ്ങളിലും വി.ടി ബൽറാമിനെതിരേയുള്ള ഒളിയമ്പുകളും കാണാം.
കെ ആർ മീരയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം
ഏതാനും ദിവസങ്ങൾക്കുമുമ്പ്, ശ്രീ എം.ബി. രാജേഷ് എന്നെ വിളിച്ചു.
” തൃത്താലയിൽ പ്രചാരണത്തിനിടയിൽ ഒരു പെൺകുട്ടിയെ കണ്ടു. നല്ല വായനക്കാരിയാണ്. എഴുത്തുകാരിയുമാണ്. എനിക്കു വളരെ മതിപ്പു തോന്നി. ഇഷ്ടപ്പെട്ട എഴുത്തുകാരെക്കുറിച്ചു ചോദിച്ചപ്പോൾ ഏറ്റവും ഇഷ്ടം കെ. ആർ. മീരയെ ആണെന്നു പറഞ്ഞു. തീർത്തും സാധാരണ കുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, അവൾ നിങ്ങളുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഞാൻ ആ കുട്ടിയുടെ നമ്പർ തരട്ടെ? തിരക്കൊഴിയുമ്പോൾ അവളെ ഒന്നു വിളിച്ചു സംസാരിക്കാമോ? അത് ആ കുട്ടിക്കു വലിയ പ്രചോദനമായിരിക്കും. ”
സൈബർ സെല്ലുകളെ ഉപയോഗിച്ച് എന്നെ തെറി വിളിച്ച എം.എൽ.എയുടെ മണ്ഡലമാണല്ലോ, തൃത്താല.
ഒരാൾ തെറി വിളിക്കുന്നു; മറ്റേയാൾ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി രണ്ടു വാക്കു സംസാരിക്കാമോ എന്ന് അഭ്യർഥിക്കുന്നു.
-രണ്ടു തരം ജനാധിപത്യ ബോധ്യങ്ങൾ; രണ്ടു തരം ജനപ്രതിനിധികൾ.
ഞാൻ കയ്യോടെ ആ കുട്ടിയുടെ വിലാസം വാങ്ങി. കയ്യൊപ്പോടെ മൂന്നു പുസ്തകങ്ങൾ അവൾക്ക് അയയ്ക്കുകയും ചെയ്തു.
തപാൽ ഇന്നലെ അവൾക്കു കിട്ടി. അവൾ എന്നെ വിളിച്ചു. എന്റെ മകളെക്കാൾ നാലോ അഞ്ചോ വയസ്സിന് ഇളയവൾ.
അവൾ വളരെ സന്തോഷത്തിലായിരുന്നു. ഞാനും.
എഴുത്തുകാർക്കു കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് അതാണ് – വായനക്കാരുടെ ശബ്ദത്തിലെ സ്നേഹത്തിന്റെ ഇടർച്ച.
ആ സ്നേഹത്തിന്, ശ്രീലക്ഷ്മി സേതുമാധവനു Sree Lakshmi Sethumadhavan നന്ദി.
ശ്രീലക്ഷ്മിയെ പരിചയപ്പെടുത്തിയതിന് എം.ബി. രാജേഷിനും നന്ദി പറയുന്നു.
നന്ദി പറഞ്ഞില്ലെങ്കിൽ തെറി വിളിക്കുമോ എന്നു പേടിച്ചിട്ടല്ല.
രാജേഷ് ആയതു കൊണ്ട്, തെറി വിളിക്കുമെന്നു പേടിയില്ല.
ഉത്തരം മുട്ടിയാൽ അസഭ്യം പറഞ്ഞും അപകീർത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന ‘ആൽഫ മെയിൽ അപകർഷത’ രാജേഷിന്റെ പ്രസംഗങ്ങളിലോ ചർച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല.
കടുത്ത വിയോജിപ്പോടെയും എം. ബി. രാജേഷിനോടു സംവാദം സാധ്യമാണ്.
നമ്മളെയൊക്കെ നിരീക്ഷിക്കുന്ന ശ്രീലക്ഷ്മിയുടെ തലമുറയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും വേണ്ടി- അതിനു പ്രത്യേകം നന്ദി