തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ ശൈലജ. എല്ലാ തീരുമാനവും പാര്‍ട്ടിയുടേതാണ്. ഇക്കാര്യത്തില്‍ മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിലാണ് ഷൈലജയെ ഒഴിവാക്കിയത്. എന്നാല്‍ പാര്‍ട്ടി വിപ്പ് എന്ന പദവി അവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരില്‍ എല്ലാവരും പുതുമുഖങ്ങള്‍ മതിയെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനിക്കുകയായിരിന്നു. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന സമിതി നിലപാട് മാറ്റിയില്ല.
എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്‍.ബിന്ദു, വീണ ജോര്‍ജ്, വി.അബ്ദുറഹ്മാന്‍ എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ നേരത്തെ എല്‍.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട എം.ബി.രാജേഷിന് സ്പീക്കര്‍ പദവി നല്‍കാനാണ് സിപിഎമ്മില്‍ ധാരണയായത്. മുന്‍മന്ത്രി കെ.കെ.ഷൈലജ പാര്‍ട്ടി വിപ്പായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. മുന്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.
പിബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സമിതി യോഗം നടന്നത്.
മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ശൈലജ ഇത്തവണ നിയമസഭയിലേക്ക് പ്രവേശനം നേടിയത്. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ. ശൈലജ മട്ടന്നൂര്‍ മണ്ഡലത്തില്‍ നേടിയത്. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.കെ. ശൈലജക്ക് ലഭിച്ചത്.
സിപിഐ(എം)കേന്ദ്ര കമ്മിറ്റിയംഗം. മൂന്ന് തവണ നിയമസഭാ സാമാജികയായി പ്രവര്‍ത്തിച്ചു. 1996ല്‍ കൂത്തുപറമ്പ്, 2006ല്‍ പേരാവൂര്‍, 2016ല്‍ കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. 2011ല്‍ പേരാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.