ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ജോസഫ് വിഭാഗം നേതാവ് പി .സി. കുര്യാക്കോസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ആവശ്യപ്പെടും. ഫെബ്രുവരി 22നാണ് രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
അതേസമയം, ജോസഫ് വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാനുളള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാന്‍ കഴിയും. ഇതു മുന്‍കൂട്ടി കണ്ടാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.